Posts archive for: February, 2008
  • Analysis of Indian Rubber Statistics

    Rubber_Stats

  • നമസ്കാരം

    കേരളത്തിലെ കാര്‍ഷിക മേകലയിലെ പ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങളും കര്‍ഷകരില്‍ നിന്ന് കൈവിട്ട് പോയിരിക്കുന്നു. കര്‍ഷകര്‍ തന്നെ നല്ലൊരുപഭോക്താവാണെന്നിരിക്കെ തന്റെ വ്യക്തിഗത വരുമാനം താഴേയ്ക്ക് പോകുകയും ചെലവ് പല മടങ്ങുകളായി വര്‍ദ്ധിക്കുകയും ചെയ്യുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍, ബാങ്കുകള്‍, ഇടനിലക്കാര്‍ തുടങ്ങിയവരെ സഹായിക്കുവാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്. അതിന്റെ ഫലമായി നാള്‍ക്കുനാള്‍ കടത്തില്‍ മുങ്ങുന്ന കര്‍ഷകനെയും ഗത്യന്തരമില്ലാതെ ആത്മഹത്യ ചെയ്യുന്ന കര്‍ഷകനെയും മാത്രമേ നമുക്ക് കാണുവാന്‍ കഴിയുകയുള്ളു. ഇരുപത് വര്‍ഷം കൊണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, പെന്‍ഷന്‍ വാങ്ങുന്നവരും പതിന്‍മടങ്ങ് ശമ്പളവും പെന്‍ഷനും കൈപ്പറ്റുമ്പോള്‍ കാര്‍ഷികോത്പന്നങ്ങളുടെ വിലകള്‍ ആനുപാതികമായി ഉയരാതിരിക്കുവാനുള്ള നടപടികള്‍ മാത്രമാണ് നടപ്പിലാക്കപ്പെടുന്നത്. അന്ന് ലാഭകരമായി നടന്നിരുന്ന നെല്‍കൃഷി നാശത്തിന്റെ വക്കിലെത്തിക്കഴിഞ്ഞു. കേരളം സ്വപ്നം കാണുന്ന വ്യാവസായിക വളര്‍ച്ചയും ഐ.ടി വികയനവും സാമ്പത്തികമായി ജനത്തെ രണ്ട് തട്ടായി വേര്‍തിരിക്കുവാന്‍ മാത്രമേ പ്രയോജനപ്പെടുകയുള്ളു.

    തകരുന്ന കാര്‍ഷിക മേഖല ശുദ്ധജല ദൗര്‍ലഭ്യത്തിനും ഭക്ഷ്യവസ്തുക്കളുടെ ദൗര്‍ലഭ്യത്തിനും കാരണമാകും. വൈറ്റ് കോളര്‍ ജോബിന് പിന്നാലെ പോകുന്ന യുവ തലമുറയെ ആകര്‍ഷിക്കുവാന്‍ കാര്‍ഷിക മേഖലയ്ക്ക് കഴിയുന്നില്ല. ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുവാനും ആഗോളതാപനം നിയന്ത്രിക്കുവാനും ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുവാനും കഴിയുന്ന കാര്‍ഷിക മേഖലയെ സഹായിക്കേണ്ട കൃഷിഭവനുകള്‍ ചിലരുടെ ആജ്ഞകള്‍ അനുസരിക്കുവാനും കാര്‍ഷിക മേഖലയെ നശിപ്പിക്കുവാന്‍ ഉതകുന്ന രീതിയില്‍ സബ്സിഡി വിതരണത്തിനുമായി പ്രവര്‍ത്തിക്കുന്നു. ഓരോ വര്‍ഷവും ഗ്രാമതലങ്ങളില്‍ തകരുന്ന കാര്‍ഷിക മേഖലയെ നേരിട്ടറിയാവുന്ന കൃഷിവകുപ്പുദ്യോഗസ്ഥര്‍ പലതും കണ്ടില്ല എന്ന് നടിക്കുന്നവരാണ്. എല്ലാപേര്‍ക്കും തങ്ങളുടെ കുടുംബം പോറ്റുവാനുള്ള ശമ്പളം കൃത്യമായി കിട്ടിയാല്‍ മതി.

    നാഷണല്‍ മെഡിസനല്‍പ്ലാന്റ് ബോര്‍ഡും മറ്റും ഏക്കര്‍ കണക്കിന് കൃഷിചെയ്യുവാന്‍ ബാങ്ങ് വായ്പയും സബ്സിഡികളുമായി രംഗത്തെത്തുന്നു. വീട് വീടാന്തരം നിലവിലുള്ള ഔഷധ വൃക്ഷങ്ങളും ഔഷധസസ്യങ്ങളും ഒരു പ്രയോജനവുമില്ലാതെ പാഴായിപ്പോകുമ്പോഴാണ് ഇത്തരത്തിലൊരു കൃഷി രീതിയുമായി അവര്‍ മുന്നോട്ട് പോകുന്നത്. പല കര്‍ഷകരും ആദായമില്ലാത്ത വിലപിടിപ്പുള്ള ഔഷധവൃക്ഷങ്ങളും മറ്റും മുറിച്ച് മാറ്റി വിറകായി മാറ്റുകയാണ് ചെയ്യുന്നത്.

    ഇന്‍ഡ്യന്‍ റബ്ബര്‍ ബോര്‍ഡ് എന്ന സ്ഥാപനം മറ്റ് ബോര്‍ഡുകളെ അപേക്ഷിച്ച് വളരെ നല്ല പ്രവര്‍ത്തനം കാഴ്ചവെയ്കുന്നു. എന്നാല്‍ ബോര്‍ഡിന് പിന്നാമ്പുറം നടക്കുന്ന കളികള്‍ ജനം അറിയുന്നില്ല. പ്രധാനമായും സ്വാഭാവിക റബ്ബറിന്റെ തരം തിരിവിനുള്ള മാനദണ്ഡം "ഗ്രീന്‍ ബുക്ക്" ആണ്. ഇന്‍ഡ്യയില്‍ ഒരു റബ്ബര്‍ ഡീലറും ഗ്രീന്‍ ബുക്ക് പ്രദര്‍ശിപ്പിക്കുകയോ വാങ്ങിയ ഗ്രേഡില്‍ വില്‍ക്കുകയോ ചെയ്യുന്നില്ല. ആവശ്യത്തിലധികം ഉത്പാദനവും സ്റ്റോക്കും ഉള്ളപ്പോള്‍ ക്രമാതീതമായി ഇറക്കുമതി ചെയ്യുന്നു. അതേ അവസരത്തില്‍ത്തന്നെ വാങ്ങിയ വിലയേക്കാളും താണ വിലയ്ക്കുപോലും കയറ്റുമതിയും നടക്കുന്നു. അതിന് പ്രധാന കാരണം വന്‍കിട ഉല്പന്ന നിര്‍മാതാക്കളും കേരളത്തിലെ സഹകരണ മാഫിയകളുമാണ്. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാല്‍ പോലും പൂര്‍ണവിവരങ്ങള്‍ ലഭ്യമാക്കുവാന്‍ റബ്ബര്‍ ബോര്‍ഡ് തയ്യാറാകുന്നില്ല. സഹകരണ സ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന ലാഭത്തിന്റെ പങ്ക് സംസ്ഥാന ഖജനാവിലേയ്ക്ക് വരുമെന്നതിനാല്‍ ലാഭം പരിമിതപ്പെടുത്തിയുള്ള കയറ്റുമതി വ്യക്തിഗത നേട്ടങ്ങള്‍ക്ക് വഴിവെയ്ക്കും എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

    പൊതുമേഖലാസ്ഥാപനങ്ങളും സര്‍ക്കാരും കാലാകാലങ്ങളില്‍ വരുത്തിവെയ്ക്കുന്ന കോടികളുടെ നഷ്ടം അക്കൗണ്ട്സ് ആന്റ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് ചെയ്താല്‍ അത് പുറം ലോകം അറിയാതെയും നടപടികളൊന്നും കൂടാതെ തള്ളിക്കളയുകയുമാണ് ചെയ്യുന്നത്. തുടക്കം കുറിച്ച പല പൊതുമേഖല സ്ഥാപനങ്ങളും നഷ്ടമാണെന്നറിഞ്ഞിട്ടും അടച്ച് പൂട്ടുന്നതിന് പകരം പ്രവര്‍ത്തനം പോലും ഇല്ലാതെ നിലനിറുത്തുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് താല്പര്യവും ഇല്ല. സര്‍ക്കാര്‍ കാര്യങ്ങള്‍ വീമ്പടിക്കുവാനായി പ്രമുഖ മാധ്യമങ്ങളിലൂടെ പരസ്യങ്ങളായി വീതം വെയ്ക്കുകയാണ് ചെയ്യുന്നത്.

    എന്റെ ഹോം പേജ്

Footer:

The content of this website belongs to a private person, blog.co.uk is not responsible for the content of this website.